ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
എ.ഡി. ഒന്നാം നൂറ്റാണ്ടുമുതല്‍ ഒമ്പതാം നൂറ്റാണ്ടുവരെ തമിഴ് രാജാക്കന്മാരുടെ ഭരണത്തിന്‍ കീഴിലായിരുന്നു കേരളത്തിലെ ചെറുരാജ്യങ്ങളില്‍ ഒന്നായിരുന്ന കീഴ്മലൈനാട്. ഇന്നത്തെ തൊടുപുഴ താലൂക്ക്, മൂവാറ്റുപുഴ താലൂക്ക് തുടങ്ങിയവ ഉള്‍പ്പെട്ട കീഴ്മലൈനാട്, വൈക്കം, മീനച്ചില്‍ പ്രദേശം ഉള്‍പ്പെട്ട ബിംബലി ദേശം അഥവാ വെമ്പൊലിനാടിന് വടക്കായിരുന്നു. അക്കാലത്ത് പുറപ്പുഴ എന്ന പ്രദേശം കൊടുംവനമായിരുന്നു. ഇവിടെ മൂന്നുമനകള്‍ ഇപ്പോഴത്തെ വള്ളിക്കെട്ട്, കൊവെക്ക പ്രദേശങ്ങളിലുണ്ടായിരുന്നു. നെടുമനായന്മാര്‍ തെക്കുപുറത്തും (കൊവേന്ത), എടമന, പൊതി ഇല്ലങ്ങള്‍ ഇപ്പോഴുള്ള വള്ളിക്കെട്ടിനടുത്ത് ഇല്ലപ്പറമ്പിലും ആയിരുന്നു. എ.ഡി. 838-ല്‍ കുറവിലങ്ങാട് പകലോമറ്റം കുടുംബത്തില്‍ നിന്ന് കൂത്താട്ടുകുളം നടയില്‍ കുടുംബത്തിലേക്ക് അയിത്തം മാറ്റാന്‍ ആഢ്യക്രിസ്ത്യാനിയായ ഇട്ടി അയ്പിന്റെ കുടുംബത്തെ കൊണ്ടുവന്നു താമസിപ്പിച്ചു വന്നു. അമ്പലനടയുടെ അടുത്ത് താമസിപ്പിച്ചതിനാലാണ് കുടുംബത്തിന് നടയില്‍ എന്ന പേരു വന്നത്. ആയോധനമുറകളും വൈദ്യശാസ്ത്രവും നെടുമനനായന്മാരില്‍ നിന്നും പഠിച്ച ഇവര്‍ വളക്കൂറുള്ള മണ്ണില്‍ വിയര്‍പ്പൊഴുക്കി പണിയെടുത്തു എന്നു ചരിത്രം പറയുന്നു. എ.ഡി 1100-നടുത്ത് വെമ്പൊലിനാട് രണ്ടായി പിളര്‍ന്നു. ഇന്നത്തെ ചങ്ങനാശ്ശേരി, തിരുവല്ല, കാഞ്ഞിരപ്പള്ളി, കോട്ടയം താലൂക്കുകളും മീനച്ചില്‍ താലൂക്കിന്റെ തെക്കുഭാഗവും ചേര്‍ന്ന് തെക്കുംകൂറും മീനച്ചില്‍ താലൂക്കിന്റെ വടക്കുഭാഗവും ഏറ്റുമാനൂര്‍ വൈക്കം പ്രദേശങ്ങളും ഉള്‍പ്പെട്ട വടക്കുംകൂറും ആയിരുന്നു അവ. വടക്കുംകൂറിന്റെ തലസ്ഥാനം ആദ്യം കടുത്തുരുത്തിയും പിന്നീട് വൈക്കവും ആയിരുന്നു. കീഴ്മലൈനാടിന്റെ ആസ്ഥാനം തൊടുപുഴക്ക് അടുത്തുള്ള കാരിക്കോടായിരുന്നു. എ.ഡി. 1600 കാലഘട്ടത്തില്‍ കീഴ്മലൈനാട് വടക്കുംകൂറില്‍ ലയിച്ചു. തുടര്‍ന്ന് വടക്കുംകൂര്‍ രാജാക്കന്മാര്‍ കാരിക്കോട് കൊട്ടാരത്തിലും വന്നു താമസിച്ചിരുന്നു. അവരുടെ യാത്രക്കായി വൈക്കം മുതല്‍ കൂത്താട്ടുകുളം, വഴിത്തല വഴി കാരിക്കോട്ടേക്ക് ഒരു രാജപാതയുണ്ടായി. അതാണ് ഇന്നാട്ടിലെ ആദ്യത്തെ പൊതുവഴി. കടുത്തുരുത്തിയില്‍ നിന്നും കാരിക്കോട്ടു നിന്നും വന്നിരുന്ന വഴികള്‍ സന്ധിച്ചിരുന്ന സ്ഥലത്തിന് വഴിത്തല എന്ന പേരു വന്നു. വഴിത്തല ശിവക്ഷേത്രത്തിന് എതിരായി ഒരു സത്രമുണ്ടായിരുന്നുവെന്ന് ചരിത്രരേഖ പറയുന്നു. പാണ്ടിനാട്ടില്‍ നിന്നും മറ്റു പ്രദേശങ്ങളില്‍ നിന്നും കൊണ്ടുവരുന്ന മുതലുകള്‍ കൂട്ടിവച്ചിരുന്ന ഇന്നത്തെ മുതലക്കോട് പൊതുവഴിയിലൂടെ ചരക്കുകള്‍ കൊണ്ടുവന്ന് ചുങ്കത്തില്‍ കരം കൊടുത്ത് വ്യാപാരികള്‍ നെടിയപണ്ടികശാലയിലെ നെടിയശാലയിലാണ് സൂക്ഷിച്ചിരുന്നത്.
സാമൂഹ്യസാംസ്ക്കാരിക മുന്നേറ്റചരിത്രം
അതിപുരാതനകാലത്തു തന്നെ ജന അധിവാസകേന്ദ്രമായിരുന്നുവെന്നതിന് മറ്റൊരു തെളിവ് എ.ഡി. 999-ല്‍ പണിത നെടിയശാല പള്ളിയാണ്. പരിശുദ്ധ കന്യാമറിയത്തിന്റെ നാമധേയത്തിലുണ്ടാക്കിയ പള്ളി ഇന്നത്തെ മണക്കാട് കൃഷി വികസന ആഫീസ് ഇരിക്കുന്ന സ്ഥലത്തായിരുന്നു. പുറപ്പുഴയില്‍ ഇക്കാലത്ത് ഉണ്ടായിരുന്ന മറ്റു ക്ഷേത്രങ്ങളാണ് വഴിത്തല, തൃക്കേക്കുന്ന്, മുഴുത്തേറ്റ്കാവ്, അരീക്കാട്ടുകാവ്, തറവട്ടം ക്ഷേത്രം, പുതുച്ചിറക്കാവ് മൂവേലില്‍ ശിവക്ഷേത്രം, മാനാച്ചിയിലുണ്ടായിരുന്ന ക്ഷേത്രം എന്നിവ. ഇവയെല്ലാം എ.ഡി 7 മുതല്‍ 9 വരെയുള്ള നൂറ്റാണ്ടുകളില്‍ പണിയിച്ചതാണെന്ന് പല്ലവന്‍മാരുടെ ശില്പചാതുര്യം ഉള്‍ക്കൊള്ളുന്ന ക്ഷേത്രനിര്‍മ്മാണരീതി സൂചിപ്പിക്കുന്നു. ചെറിയ പ്രദേശങ്ങളില്‍ ചെറിയ ക്ഷേത്രങ്ങളും ജനാധിവാസം അധികമുള്ള സ്ഥലങ്ങളില്‍ വലിയ ക്ഷേത്രങ്ങളും പണിയിച്ചിരുന്നു. 1700 ആയപ്പോഴേക്കും നാട്ടുരാജ്യങ്ങളില്‍ പ്രധാനികളായിരുന്ന വേണാട് ശക്തരാവുകയും എ.ഡി. 1746-ല്‍ മാര്‍ത്താണ്ഡവര്‍മ്മ കായംകുളം, വടക്കുംകൂര്‍ തുടങ്ങിയ പ്രദേശങ്ങള്‍ വേണാടിനോട് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. വടക്കുംകൂറിന്റെ പതനത്തോടെ ഈ പ്രദേശങ്ങള്‍ തകര്‍ന്നു. യുദ്ധവും കാട്ടുമൃഗങ്ങളുടെ ശല്യവും മൂലം ജനങ്ങള്‍ പല ഭാഗങ്ങളിലേക്ക് പാലായനം ചെയ്തു. പുറപ്പുഴ പ്രദേശത്തെ ജനജീവിതത്തില്‍ മാറ്റങ്ങള്‍ വന്നു. ആയില്യം തിരുനാള്‍ രാമവര്‍മ്മരാജാവിന്റെ കാലത്ത് രാജ്യത്തൊക്കെ വിദ്യാലയങ്ങള്‍ സ്ഥാപിച്ച കൂട്ടത്തില്‍ തൊടുപുഴ താലൂക്കില്‍ 5 സ്കൂളുകള്‍ അദ്ദേഹം ആരംഭിച്ചു. അതിലൊന്ന് 1864-ല്‍ പുറപ്പുഴയില്‍ ആരംഭിച്ച സര്‍ക്കാര്‍ സ്കൂളായിരുന്നു. പിന്നീട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്കൂളുകള്‍ നിലവില്‍ വന്നു. ഇതോടൊപ്പം തന്നെ അനൌപചാരിക വിദ്യാഭ്യാസ മേഖലയില്‍ ക്ളബുകളും വായനശാലകളും പ്രവര്‍ത്തിച്ചു തുടങ്ങി. 1932-ല്‍ നെടിയശാല പുറപ്പുഴ റോഡുണ്ടായി. അതിനു നേതൃത്വം നല്‍കിയത് ഫാ.ജോസഫ് കളരിക്കത്തൊട്ടിയും, വയറ്റാട്ടില്‍ തൊമ്മന്‍ ജോസഫുമായിരുന്നു. 1940 കളില്‍ പുറപ്പുഴയില്‍ ദേശീയപ്രസ്ഥാനത്തിന്റെ ശബ്ദം ഉയര്‍ന്നു. പ്രധാനമായും സര്‍.സി.പി.യുടെ ദുര്‍ഭരണത്തിനെതിരായ സമരമായിരുന്നു ഇവിടെ നടന്നത്. പഞ്ചായത്തില്‍ ആദ്യമായി ഒരു രാഷ്ട്രീയ പൊതുയോഗം നടന്നത് ഇപ്പോള്‍ പുറപ്പുഴയില്‍ പാലയ്ക്കല്‍ കുട്ടിയുടെ വീടിനുമുമ്പിലുള്ള പറമ്പിലായിരുന്നു. കൊല്ലവര്‍ഷം 1039-ല്‍ തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ആയില്യം തിരുനാള്‍ രാമവര്‍മ്മ മഹാരാജാവിന്റെ കാലത്ത് സ്ഥാപിതമായ പുറപ്പുഴ ഗവ.എല്‍.പി.സ്കൂള്‍ ആണ് പഞ്ചായത്തിലെ ആദ്യവിദ്യാലയം. ഇതിനുമുമ്പ് ധാരാളം കുടിപ്പള്ളിക്കൂടങ്ങള്‍ ഇവിടെ നിലനിന്നിരുന്നു. 9-ാം നൂറ്റാണ്ടുമുതല്‍ കടുത്തുരുത്തിയും പാണ്ടിദേശവും തമ്മിലുള്ള വാണിജ്യഗതാഗതമാര്‍ഗ്ഗം ഈ പഞ്ചായത്തിലൂടെ ഉണ്ടായിരുന്നു. വാണിജ്യമാര്‍ഗ്ഗമെന്ന നിലയിലും വടക്കുംകൂര്‍ കീഴ്മലൈനാട് രാജപാത എന്ന നിലയിലും വഴിത്തല, നെടിയശാല വഴി കടന്നുപോയിരുന്ന റോഡാണ് ഈ പഞ്ചായത്തിലെ ആദ്യത്തെ സഞ്ചാര മാര്‍ഗ്ഗം. പുരാതനകാലം മുതല്‍ പാണ്ടിനാട്ടില്‍ നിന്നും തൊടുപുഴ, നെടിയശാല ഭാഗത്ത് സംഭരിച്ചിരുന്ന ചരക്കുകളുമായി കാളവണ്ടികള്‍ കടുത്തുരുത്തിയിലേക്ക് ഈ വഴി കടന്നു പോകുമായിരുന്നു. 1926-ല്‍ ആണ് ആദ്യമായി ഈ വഴിയിലൂടെ തൊടുപുഴ നിന്നും പിറവത്തേക്ക് ബസ് ഗതാഗതം ആരംഭിച്ചത്. ഈ പഞ്ചായത്തിലെ പിന്നീടുണ്ടായ ആദ്യ റോഡുകള്‍ 1932-ല്‍ വഴിത്തല-കരിങ്കുന്നം റോഡും നെടിയശാല-പുറപ്പുഴ റോഡുമാണ്