ഒറ്റ നോട്ടത്തില്‍

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില്‍ തൊടുപുഴ ബ്ളോക്കിലാണ് പുറപ്പുഴ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 23.52 ച.കി.മീ. വിസ്തൃതിയുള്ള ഗ്രാമപഞ്ചായത്തിന്റെ അതിരുകള്‍ കിഴക്ക് തൊടുപുഴ മുനി‍സിപ്പാലിറ്റി, കരിങ്കുന്നം ഗ്രാമപഞ്ചായത്ത്, വടക്ക് മണക്കാട് ഗ്രാമപഞ്ചായത്ത്, പടിഞ്ഞാറ് പാലക്കുഴ ഗ്രാമപഞ്ചായത്ത്, തെക്ക് രാമപുരം ഗ്രാമപഞ്ചായത്ത്, വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവയാണ്. പുറപ്പുഴ ഗ്രാമപഞ്ചായത്തിന്റെ മൊത്തം ജനസംഖ്യ 12373 ആണ്. അതില്‍ 6093 പേര്‍ സ്ത്രീകളും, 6280 പേര്‍ പുരുഷന്മാരുമാണ്. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയിലാണ് പുറപ്പുഴ ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. റബ്ബര്‍, നെല്ല്, വാഴ, തെങ്ങ്, കുരുമുളക്, കൊക്കോ, കാപ്പി, കപ്പ എന്നിവ ഇവിടുത്തെ പ്രധാന കൃഷിവിളകളാണ്. കുണിഞ്ഞി, കൊടുകുത്തി, അമ്പാട്ടുകുളം, കാരിക്കൊമ്പുകുളം, ചെത്തിക്കോട്ടുകുളം തുടങ്ങിയവ ഈ പഞ്ചായത്തിലെ പ്രധാന കുളങ്ങളാണ്. രണ്ടു പ്രധാന തോടുകളാണ് പഞ്ചായത്തിലുള്ളത്. കുമ്മാച്ചിറ-പുറപ്പുഴ-മാറികതോട്, കുണിഞ്ഞി മാറികതോട് എന്നിവ. പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ ഇരുപത്തിയഞ്ചോളം കിണറുകള്‍ ഉണ്ട്. സമുദ്രനിരപ്പില്‍ നിന്നും 2000 അടി ഉയരമുള്ള കൊടികുത്തിയാണ് പഞ്ചായത്തിലെ ഏറ്റവും ഉയരമുള്ള മലനിര. ഇവിടെ കയറിനിന്നു നോക്കിയാല്‍ കാണുന്ന ദൃശ്യം സുന്ദരമാണ്. വിനോദസഞ്ചാരത്തിന് സാദ്ധ്യതയുള്ള ഈ പ്രദേശം പഞ്ചായത്തിനൊരു മുതല്‍ക്കൂട്ടാണ്. 1955-ല്‍ പട്ടയം കിട്ടിയ വനത്തില്‍പ്പെട്ടതാണ് പരുത്തുംപാറ. ഇതും കുടിയേറ്റ പ്രദേശമാണ്. ധാരാളം കര്‍ഷക കുടുംബങ്ങള്‍ ഈ പ്രദേശത്ത് താമസമാക്കിയിട്ടുണ്ട്. വിരന്‍മല, ചാരപ്പുറം, തേക്കനാനിരപ്പ് കൊട്ടാരംകുന്ന് തുടങ്ങിയ 2 ഡസനോളം കുന്നുകളും ഈ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്നു. വിദേശയാത്രക്കായി പഞ്ചായത്ത് നിവാസികള്‍ ആശ്രയിക്കുന്നത് ഏറ്റവും അടുത്ത വിമാനത്താവളമായ നെടുമ്പാശ്ശേരി വിമാനത്താവളത്തെയാണ്. തുറമുഖം എന്ന നിലയില്‍ കൊച്ചി തുറമുഖമാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്നത്. തൊടുപുഴ-കൂത്താട്ടുകുളം, തൊടുപുഴ-വൈക്കം, തൊടുപുഴ-ആലപ്പുഴ തുടങ്ങിയവയാണ് പഞ്ചായത്തിലൂടെ കടന്നുപോകുന്ന സംസ്ഥാന പാതകള്‍. പുറപ്പുഴ പഞ്ചായത്തില്‍ പൊതു മേഖലയിലോ സ്വകാര്യമേഖലയിലോ വന്‍കിട വ്യവസായ യൂണിറ്റുകള്‍ ഇല്ലെങ്കിലും നിരവധി ചെറുകിട വ്യവസായങ്ങള്‍ ഇവിടെയുണ്ട്. തീപ്പെട്ടി കമ്പനി, മെറ്റല്‍ ക്രഷര്‍, ചാലക്കല്‍ പ്ളാസ്റ്റിക് വര്‍ക്സ്, കൊക്കോ സംസ്ക്കരണശാല, സിമെന്റ്, ഇഷ്ടിക നിര്‍മ്മാണം, തടിവ്യവസായം, തേനീച്ച വളര്‍ത്തല്‍, അച്ചടി വ്യവസായം, ഓയില്‍ മില്‍ തുടങ്ങിയ പ്രധാന ചെറുകിട വ്യവസായമാണ്. ഇന്‍ഡ്യന്‍, ഭാരത് പെട്രോളിയം ഗ്യാസ് ഏജന്‍സികള്‍ ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പൊതുവിതരണരംഗത്ത് 8 റേഷന്‍കടകളാണ് ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയ സാമൂഹ്യരംഗത്ത് പ്രശസ്തരായ ഒട്ടേറെ ആളുകള്‍ ഈ ഗ്രാമത്തിലുണ്ട്. കേരള രാഷ്ട്രീയത്തിലേക്ക് പുറപ്പുഴ ഗ്രാമം ആത്മാഭിമാനത്തോടെ സംഭാവന നല്‍കിയ വ്യക്തിയാണ് പി.ജെ.ജോസഫ്. പി.സി ജോസഫ്, വഴിത്തല ഭാസ്കരന്‍, വഴിത്തല രവി, എം.ജി.ബാബു തുടങ്ങിയവരും പുറപ്പുഴയുടെ മുതല്‍ക്കൂട്ടാണ്. ഈ പഞ്ചായത്തിലെ കര്‍ഷക കുടിയേറ്റവുമായി ബന്ധപ്പെട്ട സമരചരിത്രങ്ങളില്‍ ഗ്രാമവാസികള്‍ ഉപകാരസ്മരണകളോടെ ഇന്നും സ്മരിക്കുന്ന മൂന്ന് നാമധേയങ്ങളാണ് സര്‍വ്വശ്രീ എ.കെ.ജി.യുടെയും, പി.ജെ ജോസഫിന്റെയും, മത്തായി മാഞ്ഞൂരാന്റെയും. നവജീവന്‍ ആര്‍ട്സ് ക്ളബ്ബ് കൊടികുത്തി, കൈരളി ആര്‍ട്സ് ക്ളബ്ബ് പുറപ്പുഴ, സീക്കോ വഴിത്തല തുടങ്ങി നിരവധി സാംസ്കാരിക സംഘടനകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ആരോഗ്യപരിപാലന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ പഞ്ചായത്തിലുണ്ട്. പുറപ്പുഴ ഗവ.ആയുര്‍വേദ ഡിസ്പെന്‍സറി, ഗവ.ഹോമിയോ ഡിസ്പെന്‍സറി തുടങ്ങിയവ ഈ പഞ്ചായത്തിലെ പ്രധാന ആശുപത്രികളാണ്. തൊടുപുഴ മുനിസിപ്പാലിറ്റി താലൂക്ക് ഹോസ്പിറ്റല്‍, ചാഴികാട്ട് ഹോസ്പിറ്റല്‍, സ്നേഹദീപം ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവിടങ്ങളില്‍ നിന്നാണ് ഈ പഞ്ചായത്തിന് ആംബുലന്‍സ് സൌകര്യം ലഭ്യമാക്കുന്നത്. മൃഗസംരക്ഷണത്തിനായി പുറപ്പുഴയില്‍ ഒരു വെറ്റിനറി ഹോസ്പിറ്റലും, വഴിത്തല കുണിഞ്ഞി എന്നിവിടങ്ങളില്‍ ഇതിന്റെ ഉപകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു. ആയില്യം തിരുനാള്‍ രാമവര്‍മ്മ മഹാരാജാവിന്റെ കാലത്ത് സ്ഥാപിതമായ പുറപ്പുഴ ഗവ.എല്‍.പി. സ്ക്കൂള്‍ ആണ് പഞ്ചായത്തിലെ ആദ്യ വിദ്യാലയം. ആധുനിക വിദ്യാഭ്യാസരംഗത്ത് കുണിഞ്ഞി സെന്റ് ആന്റണീസ് ഹൈസ്ക്കൂള്‍, വെങ്ങാലൂര്‍ സെന്റ് ആന്റണീസ് എല്‍.പി. സ്ക്കൂള്‍ തുടങ്ങി 4 സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗവ.എല്‍.പി.എസ് കുണിഞ്ഞി, ഗവ. എല്‍.പി.എസ്. പുറപ്പുഴ തുടങ്ങി സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ പുറപ്പുഴയില്‍ രണ്ട് ഗവ.പോളിടെക്നിക്ക് സ്ക്കൂളുകള്‍ പ്രവര്‍ത്തിക്കുന്നു. നെടിയശാലയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പുറപ്പുഴ സര്‍വ്വീസ് സഹകരണ ബാങ്ക്, ഇടുക്കി ജില്ലാ സഹകരണ ബാങ്ക് വഴിത്തല, വഴിത്തല സര്‍വ്വീസ് സഹകരണ ബാങ്ക് കുണിഞ്ഞി തുടങ്ങിയവ ഈ പഞ്ചായത്തിലെ ബാങ്കിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. പഞ്ചായത്തിലെ പൊതുപരിപാടികള്‍, വിവാഹം തുടങ്ങിയവ നടത്തുന്നതിനുവേണ്ടി പഞ്ചായത്ത് വക ഒരു കമ്മ്യൂണിറ്റി ഹാള്‍ വഴിത്തലയില്‍ പ്രവര്‍ത്തിക്കുന്നു.വഴിത്തല, കുണിഞ്ഞി, നെടിയശാല, പുറപ്പുഴ എന്നിവിടങ്ങളിലായി 5 പോസ്റ്റ് ഓഫീസുകളും പ്രവര്‍ത്തിക്കുന്നുണ്ട്. പുറപ്പുഴയില്‍ ഒരു കൃഷിഭവന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുറപ്പുഴയിലാണ് പഞ്ചായത്തിന്റെ വൈദ്യുതിബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. കരിംങ്കുന്നത്താണ് ഈ പഞ്ചായത്തിലെ പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്.